ഗീതാ ഉപനിഷദിലെ ജിഹാദ്: അധ്യായം II, സാംഖ്യ യോഗം : അഡ്വ. CV മനുവിത്സൻ
ഗീതാ ഉപനിഷദിലെ ജിഹാദ്:
അധ്യായം II, സാംഖ്യ യോഗം
========================
Adv CV മനുവിത്സൻ
ഇന്ദ്രിയഗോചരമായ പദാർഥങ്ങളെ സത്തയായും അല്ലാത്തവയെ അസത്തയായും വ്യവഹരിച്ചിരുന്ന കീഴ്‌വഴക്കം എല്ലാക്കാലത്തും ഉണ്ടായിരുന്നു. എന്നാൽ കലക്ക വെള്ളം ശുദ്ധമായി മാറുന്നത്, അതിനെ കുറേ നേരം തനിയേ വിടുമ്പോഴാണ്. സൂക്ഷിച്ചു നോക്കുമ്പോൾ അറിയാം, മനസ്സും അങ്ങിനെ തന്നെയാണ് എന്ന്. ചില അറിവുകൾ മാലിന്യത്തേക്കാൾ മലിനമാണ്. അത്തരം അറിവുകളെ കൊണ്ട്, മനസ്സിനെ മലിനമാക്കാൻ അനുവദിച്ചില്ലെങ്കിൽ, മനസ്സ് തന്നെ മാലിന്യങ്ങളിൽ നിന്ന് സ്വയം വിമുക്തമാകും. അതാകട്ടേ, അതിനെ അതിലേറേ ശുദ്ധവുമാക്കും.
ജിഹാദിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ എപ്പോഴെല്ലാം ഞാൻ ശ്രമിച്ചുവോ, അപ്പോഴൊക്കെ ഒരു മന്ത്രം പോലെ രണ്ട് കാര്യങ്ങൾ എന്നിൽ ആവർത്തിച്ചാവർത്തിച്ച് എനിക്ക് മുന്നിൽ ആവർത്തിക്കപ്പെട്ടു കൊണ്ടേയിരുന്നു.
അത് ഇങ്ങനെയാണ് :
ജിഹാദിയായ ഒരു പോരാളിക്ക് മുൻപിൽ തീർത്തും വ്യത്യസ്തമായ രണ്ട് ഓഫറുകൾ ഉണ്ടായിരിക്കും.:
1. ഈ ജിഹാദി വിശുദ്ധ യുദ്ധത്തിൽ മരിച്ചാൽ, ധീരന്മാരുടെ വീര സ്വർഗ്ഗത്തിൽ, മുൻ നിരയിലായി അവനുള്ള ഇരിപ്പിടം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നു.
2. ആ യുദ്ധത്തിൽ അവൻ എങ്ങാനും വിജയിച്ചാലോ ? എങ്കിൽ, വിശുദ്ധയുദ്ധത്തിന് ശേഷം, ജിഹാദി കഷ്ടപ്പെട്ട്, സ്വന്തം ജീവിതം തന്നെ പണയം വച്ച് , നേടിയെടുത്ത എല്ലാ ഭൗതിക നേട്ടങ്ങളും അയാൾക്ക് ഈ ഭൂമിയിൽ വച്ച് തന്നെ ആസ്വദിച്ച് അനുഭവിക്കാനാകും.
ചുരുക്കം പറഞ്ഞാൽ രണ്ടായാലും നേട്ടം മാത്രം. ജയിച്ചാലും നേട്ടം; തോറ്റാലും നേട്ടം : ജയിച്ചാൽ ഈ ഭൂമിയിലെ എല്ലാ ഭൗതിക സുഖങ്ങളും അയാൾക്ക് സ്വന്തം. എന്നാൽ, ഇതിനിടയിൽ എങ്ങാൻ കൊല്ലപ്പെട്ടാലോ ? ഒരു പേടിയും വേണ്ട. വീര യോദ്ധാക്കൾക്ക് മാത്രം പ്രവേശനമുള്ള, "വീരസ്വർഗ്ഗം" എന്ന സ്വർഗ്ഗകളുടെ സ്വർഗ്ഗത്തിലെക്ക് നേരിട്ട് പ്രവേശനം:
ഞാൻ എന്ത് കൊണ്ട് ഇപ്പോൾ ഇങ്ങനെ ചിന്തിക്കുന്നു എന്ന് ചിന്തിച്ച് കൊണ്ടിരിക്കുന്ന സജ്ജനങ്ങളോടായി, ഞാൻ ഒരു കഥ പറയാം :
മനു പറഞ്ഞ കഥ:
===============
ലോക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ജിഹാദ് കേസ് ഏതായിരിക്കുമെന്ന ഒരു ചിന്ത എന്നിൽ ഉടലെടുത്തു. വിക്കിപീടിയയും മറ്റ് പീടിയകളും ഒക്കെ തെരഞ്ഞ് ഒരു ദിനം ഞാൻ മുഴുവനായി അങ്ങലഞ്ഞു.
എന്നാൽ, അതിന് അടുത്ത ദിവസം, ഭഗവാൻ ശ്രീകൃഷ്ണൻ എനിക്ക് സ്വപ്ന മാർഗ്ഗേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നൽകി. പ്രത്യേകിച്ച് പ്രകോപനങ്ങൾ ഒന്നുമില്ലാതെ, ആദ്യം തന്നെ, അദ്ദേഹം എന്നെ, "വിഡ്ഢി.." എന്ന് വിളിച്ചു. എന്നിട്ട്, ഉത്തരമാണ് എനിക്ക് വേണ്ടത് എങ്കിൽ, ഭഗവത് ഗീത, കണ്ണ് തുറന്ന് വീണ്ടും വായിക്കാൻ എന്നോട് പറഞ്ഞു !
ഭഗവദ് ഗീതയുടെ ഒന്നാം അധ്യായം. "അർജ്ജുന വിഷാദ യോഗ"മാണ്.
അമ്പും വില്ലും എടുക്കുവാനാകാതെ, എന്നാൽ അമ്പും വില്ലും എടുത്തിട്ടും ഒന്നും ചെയ്യാനാകാതെ, അന്തം വിട്ടു പകച്ചു നോക്കി നിന്ന വില്ലാളിവീരൻ അർജുനൻ, താൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന തന്റെ നിലവിലെ നിസ്സഹായ അവസ്ഥകളെ, ഒരു സൈക്കാട്രിസ്റ്റിനോട് എന്ന വണ്ണം ശ്രീകൃഷ്ണനോട് വിവരിക്കുന്നു.
ഹൈപ്പർ ഡിപ്രഷനാണോ, പാനിക് ആൻസൈറ്റിയാണോ, അതോ ഇത് രണ്ടും കൂടിയ വേറെന്തെങ്കിലും ആണോ എന്ന് തോന്നിപ്പിക്കുന്ന ആ ലക്ഷണങ്ങളും, അനുബന്ധമായ മറ്റ് സംഗതികളും അദ്ദേഹം ഒരു മന:ശാസ്ത്രജ്ഞനോട് എന്ന വണ്ണം, ശ്രീകൃഷ്ണനോട് പറയുന്ന, ആ ഭാഗമാണ് അർജ്ജുന വിഷാദയോഗം, എന്ന ഒന്നാം ഭാഗം.
ഒന്നാം അധ്യായമായ അർജ്ജുന വിഷാദ യോഗത്തിൽ അർജ്ജുനൻ ഉയർത്തിക്കാട്ടുന്ന സകല ആശങ്കകളും, ഭഗവാൻ ശ്രീ കൃഷ്ണൻ, സശ്രദ്ധം, സസൂക്ഷ്മം ശ്രദ്ധിക്കുന്നു. ഒരു വാക്കോ, ചോദ്യമോ കൊണ്ട്, അർജ്ജുനന്റെ ഒരു ചോദ്യത്തേയും അദ്ദേഹം തടസ്സപ്പെടുത്തുന്നില്ല.
തനിക്ക് പറയാനുള്ളത് മുഴുവനും പറഞ്ഞ് കഴിഞ്ഞ അർജ്ജുനന്, ശ്രീകൃഷ്ണൻ ഉത്തരം നൽകാൻ തുടങ്ങുന്നത് രണ്ടാം അധ്യായമായ സംഖ്യയോഗത്തിലൂടെയാണ്.
നഷ്ടപ്പെട്ടു പോയ തന്റെ രാജ്യവും രാജാധികാരവും വീണ്ടെടുക്കാൻ വേണ്ടി നടത്തപ്പെട്ട ഒരു യുദ്ധത്തിൽ ഏർപ്പെടുന്ന ഒരു യോദ്ധാവിന് വിജയം എന്ന വാക്കിന്റെ പ്രസക്തി പറഞ്ഞു നൽകുന്ന ഗുരു വചനമായാണ് അത് എനിക്ക് അനുഭവപ്പെട്ടത്.
ബന്ധു, മിത്ര, ഗുരു ജനാദികൾക്കും, പ്രിയജനങ്ങൾക്കും മേലെ ശര വർഷം നടത്തി, അവരെയെല്ലാം കൊലപ്പെടുത്തി കൊണ്ട്, നഷ്ടപ്പെട്ട് പോയ സ്വന്തം രാജ്യവും ആ രാജ്യത്തിന് മേൽ തങ്ങൾക്ക് ഉണ്ടായിരുന്ന ഭരണാധികാരവും വീണ്ടെടുക്കുവാൻ യുദ്ധത്തിൽ ഏർപ്പെടുന്ന ഒരു യോദ്ധാവിന് വിജയം എന്ന വാക്കിന്റെ പ്രസക്തി പറഞ്ഞു നൽകുന്ന ഗുരു വചനത്തിന് ആറ്റം
ബോംബിനേക്കാൾ പ്രഹര ശേഷി ഉണ്ടായിരുന്നു എന്നത് വാസ്തവം:
രാജ്യവും രാജാധികാരവും നഷ്ടപ്പെട്ട പോരാളിയായ ഒരു രാജാവിനും ഒരിക്കലും നിഷേധിക്കാനാവാത്ത രണ്ട് ഓഫറുകൾ, ഗുരുസ്ഥാനത്ത് നിന്നും ശ്രീകൃഷ്ണൻ മുന്നോട്ട് വയ്ക്കുന്നു:
1. ഈ ധർമ്മ യുദ്ധത്തിൽ നീ മരിച്ചാൽ, നിന്റെ സ്ഥാനം ധീരന്മാർക്ക് മാത്രം വിധിക്കപ്പെട്ട വീര സ്വർഗ്ഗത്തിന്റെ മുൻ നിരയിലായിരിക്കും.
2. എന്നാൽ, ഈ യുദ്ധത്തിൽ നീ വിജയിച്ചാലോ, കഷ്ടപ്പെട്ട് നീ നേടിയെടുത്ത എല്ലാ ഭൗതിക നേട്ടങ്ങളും, ഈ ഭൂമിയിൽ വച്ച് തന്നെ നിനക്ക് അനുഭവിക്കാനാകും:
[Ref:ശ്രീമദ് ഭഗവത് ഗീത :
രണ്ടാമധ്യായം: സാംഖ്യയോഗം :
ശ്ലോകം: 37 ]
ഉപ-സംഹാരം:
- - - - - - - - - - - - - -
ഗീതാന്ത്യത്തിൽ ശ്രീകൃഷ്ണൻ , അർജ്ജുനന് കാട്ടി കൊടുത്ത വിശ്വരൂപവും, അഞ്ജാതമായ അള്ളാഹുവിന്റെ രൂപവും ഒരു പോലെയാണോ എന്ന് എനിക്ക് അറിയില്ല.
അത് എങ്ങനെ തന്നെ ആയിരുന്നാലും ഇന്ദ്രിയ ഗോചരമായ പദാർഥങ്ങളെ സത്തയായും അല്ലാത്തവയെ അസത്തയായും വ്യവഹരിച്ചിരുന്ന കീഴ്‌വഴക്കം എല്ലാക്കാലത്തും ഉണ്ടായിരുന്നു.
എന്നാൽ നേരത്തെ പറഞ്ഞതുപോലെ,
കലക്ക വെള്ളത്തെ കുറച്ചുനേരം
വെറുതെ വിട്ടാൽ, അത് തനിയേ തെളിഞ്ഞുവരും.
സൂക്ഷിച്ചു നോക്കുമ്പോൾ അറിയാം, നമ്മുടെ മനസ്സും അങ്ങനെ തന്നെയാണെന്ന്.
ചില അറിവുകൾ മാലിന്യത്തേക്കാൾ വൃത്തികെട്ടതാണ്.
അത്തരം അറിവ് കൊണ്ട് നമ്മുടെ മനസ്സിനെ മലീമസമാക്കാൻ നാം അനുവദിച്ചില്ലെങ്കിൽ, മനസ്സ് സ്വയം മാലിന്യ മുക്തമാകും.
അത് ആകട്ടേ, കൂടുതൽ വ്യക്തതയും അതിലേറെ വൃത്തിയുള്ളതുമായിരിക്കും.
- മനുവിൽസൻ
Manuvilsan
Comments
Post a Comment